പ്രണയപ്പക…നിയമ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു….

ബെംഗളൂരുവിനെ നടുക്കി വീണ്ടും പ്രണയപ്പകയിൽ കൊലപാതകം. പ്രണയാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന്റെ സഹോദരൻ കുത്തിക്കൊന്നു. സംഭവത്തിൽ കൊടിഹള്ളി സ്വദേശി സൂര്യ സഹോദരൻ ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 13 ന് വൈകീട്ട് നാലരയ്ക്ക് കൊടിഹള്ളി എച്ച്എഎല്‍ റോഡിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമൃത ഇന്നലെയാണ് ചികിത്സയിലിരിക്കെ മരിച്ചത്. അയൽവാസിയായ ധനുഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു അമൃത. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായിരുന്ന ധനുഷ് ഈ വിവരം മറച്ചുവച്ചാണ് അമൃതയുമായി അടുപ്പം സ്ഥാപിച്ചത്. ഇക്കാര്യം അറിഞ്ഞതോടെ അമൃത ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതന് പിന്നാലെയാണ് ധനുഷിന്റെ സഹോദരൻ സൂര്യ വീടിന് സമീപം റോഡിൽ വെച്ച് അമൃതയെ ആക്രമിച്ചത്. നെഞ്ചിനും പുറത്തും കുത്തേറ്റ അമൃതയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകീട്ട് മരിക്കുകയായിരുന്നു. അമൃതയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. പിന്നാലെ ധനുഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സഹോദരന്റെ പ്രണയാഭ്യർത്ഥന തള്ളിയത് കൊണ്ട് മാത്രമാണോ സൂര്യ അമൃതയെ കൊലപ്പെടുത്തിയത് എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡിസിപി ഡോ. വിക്രം വ്യക്തമാക്കി. സംഭവത്തിൽ ജെ.ബി.നഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button