അപേക്ഷ നൽകിയിട്ട് ഒരു വർഷം, ഒടുവിൽ പരിശോധനയ്ക്ക്…

കണ്ണൂർ: 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനാണ് വിജിലൻസ് ഏർപ്പെടുത്തിയ കെണിയിൽ വീണത്. പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി സമീപിച്ച ചെറുകുന്ന് സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
പൂഴിമണ്ണ് ശേഖരണത്തിനും വിൽപ്പനയ്ക്കുമുള്ള ഔദ്യോഗിക അനുമതി പത്രത്തിനായി ചെറുകുന്ന് സ്വദേശി കഴിഞ്ഞ വർഷം ജൂണിലാണ് മൈനിംഗ് & ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സൈറ്റ് ഇൻസ്പെക്ഷൻ നടത്താൻ തയ്യാറായിരുന്നില്ല. ഓഫീസിൽ നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ചെറുകുന്ന് സ്വദേശി വീണ്ടും ഓഫീസിലെത്തി ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടർന്ന് അപേക്ഷകനെ സമീപിച്ച മിനറൽ റവന്യൂ ഇൻസ്പെക്ടർ പി.പി. ശ്രീധരൻ സൈറ്റ് പരിശോധന നടത്തണമെങ്കിൽ 15,000 രൂപ കൈക്കൂലി നൽകണമെന്ന് കർശനമായി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതോടെ അപേക്ഷകൻ ഈ വിവരം വിജിലൻസ് അധികൃതരെ അറിയിച്ചു.
തുടർന്ന് വിജിലൻസ് നൽകിയ നിർദ്ദേശപ്രകാരം ഫിനോഫ്തലിൻ പുരട്ടിയ കറൻസി നോട്ടുകളുമായി അപേക്ഷകൻ ഓഫീസിലെത്തി. ഈ പണം ശ്രീധരന് കൈമാറുന്നതിനിടെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി വിജിലൻസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.



