കുമ്പിടി ആവേണ്ട, ചാനലിലിരുന്ന് പാർട്ടിയെ ന്യായീകരിക്കാൻ എന്ത് വിശ്വാസ്യത?…..

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിയെച്ചൊല്ലി കോൺഗ്രസ് വക്താക്കൾ തമ്മിലുള്ള വാക്‌പോര് പരസ്യമാകുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച കോൺഗ്രസ് വക്താവും മീഡിയ പാനലിസ്റ്റുമായ വി.ആർ. അനൂപിനെ ലക്ഷ്യമിട്ട് കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ രംഗത്തെത്തിയതോടെയാണ് തർക്കം മുറുകിയത്. പാർട്ടിയുടെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ഒരാൾ സ്വന്തം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായി പ്രതികരിച്ച ശേഷം, വീണ്ടും പാർട്ടിയെ ന്യായീകരിക്കാൻ ചാനലുകളിൽ പോയിരുന്നാൽ എന്ത് വിശ്വാസ്യതയാണുള്ളതെന്ന് ഷഫീർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വി.ആർ. അനൂപ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബി.ആർ.എം. ഷഫീർ ഫേസ്ബുക്കിൽ അല്പം കടുത്ത പ്രതികരണം കുറിച്ചത്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാൻ പാർട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോൾ, കോൺഗ്രസ് അനുഭാവി എന്ന നിലയിൽ അനൂപിനെ പാനലിൽ ഉൾപ്പെടുത്തി എന്ന് മാത്രമേയുള്ളൂ എന്ന് ഷഫീർ വ്യക്തമാക്കി. “ഇയാൾ എന്ത് സംഘടനാ പ്രവർത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നിലിരുന്ന് വിളമ്പുന്നത്? എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്. ടിവിയിൽ മുഖം കാണിക്കാൻ പാർട്ടി അവസരം നൽകിയതുകൊണ്ട് തനിക്ക് എന്തൊക്കെയോ പ്രാധാന്യമുണ്ടെന്ന് ധരിച്ചാൽ അത് തള്ളിപ്പറയാതെ പറ്റില്ല,” ഷഫീർ പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ നിലവിൽ ഔദ്യോഗിക വക്താക്കൾ ഇല്ലെന്നും, കെപിസിസിയിൽ അങ്ങനെയൊരു പോസ്റ്റ് ആർക്കും നൽകിയിട്ടില്ലെന്നും താൻ ഉൾപ്പെടെയുള്ളവർ മീഡിയ പാനലിസ്റ്റുകൾ മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയെ സംഘിയാക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ അതേ വാദങ്ങൾ ഉന്നയിക്കുന്ന ഒരാൾക്ക് ഇനി പാർട്ടിയെ പ്രതിനിധീകരിക്കാൻ എന്ത് അവകാശമാണുള്ളതെന്നും ഷഫീർ ചോദിക്കുന്നു. നാളെ സി.പി.എം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇത്തരക്കാരുടെ വാക്കുകളാകും ആധികാരികതയായി മാറുന്നത്. അതുകൊണ്ട് തന്നെ ഇരട്ടത്താപ്പ് പാടില്ലെന്നും, ഒന്നുകിൽ സ്വന്തം രാഷ്ട്രീയം പറഞ്ഞ് വിമർശിച്ചു നടക്കുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുകയാണ് വേണ്ടതെന്നും ഷഫീർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ‘കുമ്പിടി ആവേണ്ട’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വിയോജിപ്പ് അവസാനിപ്പിച്ചത്.

Related Articles

Back to top button