മൊബൈലിൽ ഒളിഞ്ഞിരുന്ന നിർണായക തെളിവുകൾ… സിന്ധു കുമാരിയുടെ…

തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളായ രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കൈമാറി. കേസിലെ മുഖ്യപ്രതിയായ സിന്ധു കുമാരിയുടെ സാമ്പത്തിക ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വിഴിഞ്ഞം പോലീസ് ഇതുവരെ ശേഖരിച്ച അന്വേഷണ റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും ഡിസിആര്‍ബിക്ക് കൈമാറിയിട്ടുണ്ട്.
സിന്ധുവിന് ഒറ്റയ്ക്ക് ഇത്രയും വലിയൊരു തട്ടിപ്പ് നടത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ വിഴിഞ്ഞം പോലീസ് തുടക്കം മുതലേ സംശയം ഉയര്‍ത്തിയിരുന്നു. തട്ടിപ്പിന് പിന്നില്‍ മറ്റാരെങ്കിലും ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നാണ് പുതിയ അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സിന്ധുവിന് അക്കൗണ്ടുകളുള്ള വിവിധ ബാങ്കുകളില്‍ അവരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. സിന്ധുവിനെതിരെ നിലവില്‍ ലഭിച്ചിട്ടുള്ള മറ്റ് സാമ്പത്തിക തട്ടിപ്പ് പരാതികളിലും ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതിയും തങ്ങളുടെ പരിചയക്കാരിയുമായ സിന്ധു കുമാരിയുടെ വാക്കുകേട്ട് സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളായ ഐശ്വര്യ, അഞ്ജു എന്നിവര്‍ ചേര്‍ന്ന് 70 പവന്‍ സ്വര്‍ണ്ണമാണ് ഇവർക്ക് എടുത്തുനല്‍കിയത്. അഞ്ജുവില്‍ നിന്നും 20 പവനും ഐശ്വര്യയില്‍ നിന്നും 50 പവന്‍ സ്വര്‍ണ്ണവുമാണ് സിന്ധു തന്ത്രപരമായി കൈക്കലാക്കിയത്. എന്നാൽ, യഥാർത്ഥ ഉടമസ്ഥര്‍ പണയംവെച്ച സ്വര്‍ണം തിരികെയെടുക്കാന്‍ സ്ഥാപനത്തില്‍ എത്തിയതോടെയാണ് ഈ വൻ തട്ടിപ്പ് വിവരം പുറത്തറിയുന്നത്. അപ്പോഴേക്കും ജീവനക്കാരിൽ നിന്നും സ്വര്‍ണ്ണം കൈക്കലാക്കിയ സിന്ധു രാജ്യം വിട്ടിരുന്നു. തട്ടിപ്പ് പുറത്തായതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഐശ്വര്യയും അഞ്ജുവും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
രാജ്യം വിട്ട പ്രതി സിന്ധുവിനെ കഴിഞ്ഞ ജൂലൈ നാല് ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിലൂടെയും ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെയും വിഴിഞ്ഞം പൊലീസിന് നിരവധി നിർണായക തെളിവുകള്‍ ലഭിച്ചിരുന്നു. സിന്ധുവിന്റെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ സമാനമായ രീതിയിൽ ഇവർ നടത്തിയ മറ്റ് തട്ടിപ്പുകളെക്കുറിച്ചും പരാതികളുമായി കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. സിന്ധു മുൻപും നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.



