സംസ്ഥാനത്ത് ഇന്ധന സെസ് പിൻവലിക്കാൻ സർക്കാർ നീക്കം….. വി.ഡി. സതീശനും ധനകാര്യ സെക്രട്ടറിയും ചർച്ച നടത്തി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ഇന്ധന സെസ് പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ധനകാര്യ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
നിലവിൽ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നത്. ഇത് ഒഴിവാക്കുന്നതിലൂടെ വിലക്കയറ്റത്തിന്റെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് സർക്കാർ കരുതുന്നു. വിലവർദ്ധനവിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധ്യമായതെല്ലാം പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 2011-ൽ ഉമ്മൻചാണ്ടി സർക്കാർ സ്വീകരിച്ചതിന് സമാനമായ നടപടിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയായും ഡീസൽ വില 99.64 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 105 രൂപയാണ് നിലവിലെ നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിച്ചത്. ആർബിഐ ഗവർണറുടെ മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം സ്വയം നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന് പ്രധാനമന്ത്രിയും സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഉൾപ്പെടെയുള്ള അകമ്പടി വാഹനങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ വില വർദ്ധിപ്പിച്ചതോടെ സംസ്ഥാനം ഈടാക്കുന്ന സെസ് കൂടി ഒഴിവാക്കി ജനങ്ങൾക്ക് കൈത്താങ്ങാകാനാണ് പുതിയ സർക്കാരിന്റെ നീക്കം.



