ആലപ്പുഴ ദേശീയപാതയിലെ ഗർത്തം…. സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ…

ആലപ്പുഴ: ആലപ്പുഴയിലെ ദേശീയപാതയിൽ വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും സംയുക്ത പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഈ പുതിയ ഉത്തരവ്. എന്നാൽ, മുൻപ് പല അപകടങ്ങൾക്ക് പിന്നാലെയും പ്രഖ്യാപിച്ച സുരക്ഷാ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. സുരക്ഷാ മുന്നറിയിപ്പുകൾ പൂർണ്ണമായും പാലിക്കാതെയാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ട സ്ഥാനത്ത് ഗുണനിലവാരം കുറഞ്ഞ ഫൈബർ പൈപ്പുകളാണ് സ്ഥാപിച്ചത്. ഇതേത്തുടർന്ന് പൈപ്പ് പൊട്ടുകയും റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയുമായിരുന്നു. ഇവിടെയുള്ള ഫൈബർ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ജല അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കരാറുകാരൻ അത് പാലിച്ചിരുന്നില്ല. ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ വിശദമായ പരിശോധനയുടെ റിപ്പോർട്ട്‌ കളക്ടർക്ക് കൈമാറിയതിനെ തുടർന്നാണ് ഇപ്പോൾ സുരക്ഷാ ഓഡിറ്റിനുള്ള കർശന നിർദേശം നൽകിയിട്ടുള്ളത്.

കേരളത്തിൽ ആകെ 387 ഇടങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്താൻ ദേശീയ പാത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാസം ആറ് പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായിട്ടില്ല. കൊല്ലം മൈലക്കാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്നതിന് പിന്നാലെയായിരുന്നു സംസ്ഥാനവ്യാപകമായി സുരക്ഷ ഓഡിറ്റ് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ തകർന്നുവീണ് ഒരാൾ മരണപ്പെട്ട സംഭവത്തിലും സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആലപ്പുഴയിലും ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് കളക്ടർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

Related Articles

Back to top button