മ്യൂൾ അക്കൗണ്ടുകൾ വഴി വൻ ഹവാല ഇടപാട്… ജില്ലയിൽ മാത്രം 70 കേസുകൾ… വലയിലാകുന്നത് യുവാക്കളും സാധാരണക്കാരും

കോഴിക്കോട്: മ്യൂൾ അക്കൗണ്ടുകൾ വഴി ഹവാല ഇടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് മാത്രം രജിസ്റ്റർ ചെയ്തത് 70 കേസുകൾ. ഇതിൽ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ളവരും, 35 എണ്ണം കോഴിക്കോട് നഗരത്തിൽ ഉള്ളവരും ആണ്. ബിസിനസ്സിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും യുവാക്കളുമാണ് പ്രധാനമായും ഈ കെണിയിൽ വീഴുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വാടക അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. ഇതിനായി സാധാരണക്കാരായ കച്ചവടക്കാർ, ഓൺലൈൻ ജോലി നോക്കുന്ന യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഡാർക്ക് വെബിൽ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വൻ തുകയ്ക്ക് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകളിലെല്ലാം ഇത്തരം അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറുന്നത്. കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെയാണ് ഇത്തരത്തിലുള്ള 70 കേസുകൾ രജിസ്റ്റർ ചെയ്തത്. നിശ്ചിതതുക വാടകയ്ക്കോ കമീഷനായോ അക്കൗണ്ട് ഉടമയ്ക്ക് നൽകിയാണ് തട്ടിപ്പുകാർ ഇത്തരം അക്കൗണ്ടുകൾ സ്വന്തമാക്കുന്നത്. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ഇടപാടുകളുമാണ് ഇവർ നടത്തുന്നത്. ഇത്തരത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവർ തങ്ങൾ അറിയാതെ തന്നെ വലിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയാണ് ചെയ്യുന്നത്. ഇത് തീർത്തും നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



