കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടം… മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്…

കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ അപകടത്തിന് കാരണം വാഹനത്തിന്റെ അമിത വേഗവും ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പ്. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ കണ്ടെത്തുന്നു.
ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നത്. റോഡിലെ ഇറക്കത്തിൽ 56 Km/hr എന്ന അമിതവേഗത്തിലാണ് ടിപ്പർ വന്നത്. ജിപിഎസ് സംവിധാനത്തിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഈ സ്പീഡ് വിവരങ്ങൾ ശേഖരിച്ചത്. ഇതിനൊപ്പം ഡ്രൈവറുടെ ഫോൺകോൾ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് കൊല്ലം ജില്ലയിൽ ടിപ്പർ ലോറികളുടെ സമയ നിയന്ത്രണം ദീർഘിപ്പിച്ചിട്ടുണ്ട്. പുതിയ നിർദേശപ്രകാരം രാവിലെ 7 മുതൽ 10 വരെയും, വൈകുന്നേരം 3.30 മുതൽ 5 വരെയും ടിപ്പറുകൾ നിരത്തിൽ ഇറങ്ങാൻ പാടില്ല.
കൂടാതെ, അപകടകാരണമായ ടിപ്പർ ലോറിക്ക് ഫിറ്റ്നസ് നൽകിയതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് RTO യിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചു. നീലേശ്വരം മുക്കോണിമുക്കിലുണ്ടായ ഈ ദാരുണ അപകടത്തിൽ പത്താം ക്ലാസ്സ് വിദ്യാർഥി പാർഥിപൻ, ഹരിലാൽ, KSRTC ജീവനക്കാരനായ അജയകുമാർ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ വിദ്യാർഥികളായ കൗഷിക്, ഋഷബ്, ടിപ്പർ ഡ്രൈവർ നിസാം എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.



