മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വിഭാഗീയത ഉണ്ടാക്കാൻ…. വിദ്വേഷ പ്രചരണത്തോട് വിട്ടുവീഴ്ചയില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും വിഭാഗീയ നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാടുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം വർഗീയ ശക്തികൾ കൈക്കലാക്കുമെന്നും അതിനെ തടുത്തുനിർത്തുന്ന രാഷ്ട്രീയ ശക്തിയാണ് ലീഗെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫിന്റെ വിജയത്തിൽ ലീഗ് വഹിച്ച പങ്ക് വലുതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഇത്തരം വിദ്വേഷ പ്രചരണങ്ങളോടും വർഗീയതയോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് കാലത്തും ശേഷവും കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റമില്ല. കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും സമ്മതിക്കില്ലെന്നും വരുംതലമുറ സൗഹാർദ്ദത്തോടെ ജീവിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ന് യുഡിഎഫ് യോഗം ചേരും. ഘടകകക്ഷികളുമായി സംസാരിച്ച ശേഷം മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ നേരിൽ കാണും. “അദ്ദേഹം എന്റെ ലീഡറാണ്, ഒറ്റയ്ക്ക് ഒരാൾക്ക് ഒന്നും ചെയ്യാനാകില്ല, ഒരു നല്ല ടീം ആവശ്യമാണ്” – സതീശൻ പറഞ്ഞു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി ഭരണനടപടികളിലേക്ക് കടക്കാനാണ് നിയുക്ത മുഖ്യമന്ത്രിയുടെ നീക്കം. ഇതിന്റെ ഭാഗമായി മുന്നണിയിലെ പ്രമുഖ നേതാക്കളുമായും ഘടകകക്ഷികളുമായും അദ്ദേഹം ആശയവിനിമയം നടത്തിവരികയാണ്.



