രാജിവെയ്ക്കരുത്, ഉറച്ചുനിന്ന് പോരാടണമെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞു… ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ. ‘അമ്മ’യെ പൂർണ്ണമായി ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ നീക്കം കോടതി തടഞ്ഞെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദിയെന്നും ശ്വേത മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘടനയിൽ നിന്ന് രാജിവെയ്ക്കരുതെന്നും, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും മമ്മൂട്ടിയും മോഹൻലാലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് ഇരുവരോടും നന്ദിയറിയിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഭൂരിപക്ഷം വരുന്ന അംഗങ്ങളാണ് അമ്മയുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത്.
ശ്വേതയുടെ കുറിപ്പ്….
‘സത്യമേവ ജയതേ. AMMA യിലെ ചില തര്‍ക്കങ്ങള്‍ മുതലെടുത്ത് AMMA യെ hijack ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവെക്കരുതെന്നും, എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ Mammookkaയ്ക്കും Laletta നും, ഈ പോരാട്ടത്തില്‍ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ AMMA മെമ്പര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. NB – ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല AMMA എങ്ങനെ function ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. AMMAയുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയില്‍ വരാന്‍ ആഗ്രഹമുള്ളവര്‍ ഞങ്ങളെപ്പോലെ ഇലക്ഷനില്‍ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിന്‍വാതിലിലൂടെയോ ഓടിളക്കിയോ അല്ല.‘, ശ്വേത മേനോൻ വ്യക്തമാക്കി.
താരസംഘടനയായ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും ഈ കമ്മിറ്റിക്ക് തീരുമാനങ്ങൾ എടുക്കുന്നതിന് തടസങ്ങൾ ഇല്ലെന്നും കോടതി ഉത്തരവിട്ടു. ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഈ നിർണായക ഉത്തരവ്. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് മുൻസിഫ് കോടതി നിരീക്ഷിച്ചു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇടക്കാല ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, AMMA അഡ്ഹോക് കമ്മിറ്റി കൺവീനർ രമേശ് പിഷാരടി എംഎൽഎക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു. രമേശ് പിഷാരടി 10 ദിവസത്തിനകം ഇതിന് മറുപടി നൽകണമെന്നാണ് ഇടക്കാല ഉത്തരവിലുള്ളത്.



