റോയിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നോ? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും, പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി ജെ റോയിയുടെ മരണത്തിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം. ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഡിസംബർ 16 നൽകിയ കേസ് 18ന് റോയ് പിൻവലിച്ചിരുന്നു. റോയിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ആദായ നികുതി വകുപ്പിൽ നിന്ന് കൂടുതൽ വിശദീകരണം തേടും. കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിയമോപദേശകരെയും എസ്ഐടി കാണും. റോയിയുടെ മരണത്തിൽ കടുത്ത വിമർശനം ഉയർത്തുകയാണ് വ്യവസായ ലോകം. ആദായ നികുതി വകുപ്പ് നടപടികൾക്കെതിരെ ബെംഗളൂരുവിലെ വ്യവസായികൾ രംഗത്തെത്തി. ‘റോയിയുടെ ജീവൻ എടുത്തത് ടാക്സ് ടെററിസം’ ആണെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം. നിരവധി വ്യവസായികൾ സമാന വെല്ലുവിളി നേരിടുന്നുമെന്ന് വ്യവസായി ടി വി മോഹൻദാസ് പൈ ആരോപിക്കുന്നു. ‘പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെ അഴിച്ചു വിടരുത്’ എന്നാവശ്യപ്പെട്ട് മോഹൻദാസ് ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റിട്ടു.




