നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചു കയറി; പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ മരിച്ചു..

സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽനിന്നും 100 കിലോമീറ്റർ അകലെ അൽഖർജിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തിൽ മൻസൂർ അൻസാരി (29) എന്ന യുവാവാണ് മരിച്ചത്. രാവിലെ എട്ടോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ലുള്ള പ്ലംബിങ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായയും കുടിച്ചുനിൽക്കുകയായിരുന്ന ഇയാളുടെ നേരെ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറുകയായിരുന്നു. 

സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണമായും തകർന്നു. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിെൻറ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിൻറ് കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി.

Related Articles

Back to top button