ലീഗ് മന്ത്രിമാരുടെ സാധ്യതാ പട്ടികയിലുള്ളത് ഇവർ..

ആരെല്ലാം മന്ത്രിമാരാകണം എന്നത് സംബന്ധിച്ച് മുസ്ലിം ലീഗിൽ അവസാന ഘട്ട ചർച്ചകൾ നടക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനം എന്നതാണ് ലീഗിന്റെ ആവശ്യം. എന്നാൽ അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്ഗ്രസ് മുന്നോട്ടുവച്ചത്. എങ്കിൽ നാല് മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആവും ലീഗിന് ലഭിക്കുക. ലീഗിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു.
മൂന്ന് തവണ എംഎൽഎ ആയ പി കെ ബഷീർ സാധ്യതാ പട്ടികയിലുണ്ട്. കെ എം ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവ മുഖം എന്ന നിലയിൽ എൻ ഷംസുദ്ദീനും സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ ആരെ പരിഗണിക്കണമെന്ന ചർച്ച നടക്കുകയാണ്. മറ്റു ജില്ലകൾക്കും പരിഗണന നൽകണം എന്നതിനാൽ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട് നിന്നുള്ള എംഎൽഎമാരിൽ ഒരാൾക്ക് മന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരിൽ ആര് വേണമെന്നതിൽ തർക്കമുണ്ട്.



