വയോധികൻ വീട്ടുപടിക്കൽ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവം… കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോഴിക്കോട്: തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി (71) എന്ന വയോധികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പോലീസ് അറസ്റ്റിൽ. വടകരയിലെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മുന്‍ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയുമായ ടി വി സുധീര്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുധീര്‍ കുമാറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ മെയ് 29-നായിരുന്നു വടകരയിലെ സുധീറിന്റെ വീട്ടിലെത്തി വയോധികന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശരീരത്തിൽ 75 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലേബർ സൊസൈറ്റിയിൽ ഇട്ട നിക്ഷേപത്തുക കൃത്യസമയത്ത് തിരികെ കിട്ടാത്തതിനാലാണ് ഇബ്രാഹിം ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ഉത്തരവാദി സൊസൈറ്റി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍ കുമാറും നിലവിലെ പ്രസിഡന്റ് ബഷീറുമാണെന്ന് ആരോപിക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം മരണത്തിന് പിന്നാലെ പുറത്തുവന്നിരുന്നു.

അതേസമയം, വയോധികന്‍ മരിച്ച സംഭവത്തില്‍ കടത്തനാട് ലേബര്‍ സൊസൈറ്റി പ്രസിഡന്റ് വീഴ്ച്ച സമ്മതിച്ച് രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുട്ടിയ്ക്ക് പണം തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് വ്യക്തമാക്കിയിരുന്നു. ഇബ്രാഹിം പല തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പലിശ മാത്രമാണ് തങ്ങൾക്ക് കൊടുക്കാന്‍ കഴിഞ്ഞതെന്നും ബഷീര്‍ അഹമ്മദ് സമ്മതിച്ചു. സൊസൈറ്റി നിലവിൽ ഒരുകോടി 69 ലക്ഷം രൂപയുടെ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പണം കൊടുക്കാന്‍ കഴിയാത്തതെന്നും പറഞ്ഞ ബഷീർ, ഒന്നു രണ്ട് മാസം കൊണ്ട് പണം തരാമെന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ മുൻ പ്രസിഡന്റ് സുധീർ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button