കുഴഞ്ഞുവീണതെന്ന് ഭാര്യ… കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയെന്ന് പൊലീസ്… പോസ്റ്റ്മോർട്ടത്തിൽ….

കൊല്ലം: പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (53) കൊല്ലപ്പെട്ട കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിലെ പ്രതിയായ ഭാര്യ ലേഖ മേരി (48)യ്ക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ലേഖയുടെ ആൺസുഹൃത്ത് പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സ്വത്തുതർക്കത്തെ തുടർന്നാണ് രാജുവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ ലേഖയും വീടിന് സമീപം താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നാണ് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ രാജു കുഴഞ്ഞുവീണതാണെന്നാണ് ലേഖ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ രാജുവിന്റെ കഴുത്തിൽ പാട് ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. കഴുത്തിൽ ശക്തമായി അമർത്തിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും കുഴഞ്ഞുവീണതിന്റെ സൂചനകളില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ലേഖയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

രാജുവും ലേഖയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഏക മകൾ ബന്ധുവീട്ടിൽ താമസിച്ചാണ് പഠിക്കുന്നത്. ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. രാജുവിന് അടുത്തിടെ ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ലേഖ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ വഴക്കിനിടെ രാജു ലേഖയെ മർദിച്ചതായും തുടർന്ന് കൊലപാതകം നടന്നതായുമാണ് പൊലീസ് നിഗമനം. അതേസമയം, ലേഖയ്ക്ക് ഒറ്റയ്ക്ക് കൃത്യം നടത്താനാകുമോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കേസിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button