പാലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു, ജനങ്ങൾ ഭീതിയിൽ..

തൃശൂര് വീണ്ടും പുലിയിറങ്ങി. തൃശൂർ പാലപ്പള്ളിയിൽ ഇറങ്ങിയ പുലി പശുവിനെ കൊന്നു. ഹാരിസൺ ബംഗ്ലാവിന് സമീപമാണ് പശുവിന്റെ ശരീര ഭാഗങ്ങൾ പാതി ഭക്ഷിച്ച നിലയിൽ കണ്ടത്. കഴിഞ്ഞയാഴ്ചയും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. ജനങ്ങൾ ഭീതിയിലാണ്. ഒരു മാസത്തിനിടെ പത്തിലേറെ വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്. പ്രദേശത്ത് പുലിയുടെ ആക്രമണം നിത്യ സംഭവമായി മാറുകയാണ്. പലരും തലനാരിഴയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്.
രണ്ടു ദിവസമുൻപ് കോഴിക്കോട് നാദാപുരം കുമ്മങ്കോട് പ്രദേശത്ത് പുലി ഇറങ്ങിയെന്ന അഭ്യൂഹങ്ങൾക്കിടെ ആയഞ്ചേരി ഭാഗങ്ങളിലും പുളിയുണ്ടെന്ന സംശയം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഇതിനെ തുടർന്ന് ആയഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലെ പാലോറക്കുന്നു പ്രദേശത്ത് വിശദമായ ഡ്രോൺ പരിശോധന നടത്തി.
ജനപ്രതിനിധികളും നാട്ടുകാരും കുറ്റ്യാടി എംഎൽഎയെ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചതിനെത്തുടർന്ന്, പാറക്കൽ അബ്ദുല്ല എംഎൽഎ ഇടപെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയത്. രണ്ടര കിലോമീറ്റർ വിസിബിലിറ്റിയുള്ള ഡ്രോൺ ആണ് പരിശോധനയിൽ ഉപയോഗിച്ചത്. പരിശോധനയിൽ പുലിയുടെ സൂചനകളൊന്നും കിട്ടിയില്ല.



