കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി. പാലക്കാട് കൊടുവായൂരിൽ ആയിരുന്നു സംഭവം. പല്ലശ്ശനയിൽനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ സ്റ്റിയറിങ് ആണ് ഇളക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ നിന്നും ആളെ എടുത്ത ശേഷം വണ്ടി അൽപ്പം മുന്നോട്ട് നീങ്ങിയ സമയത്താണ് സ്റ്റിയറിങ് ഊരിപ്പോയത്.
ബസ് അമിത വേഗതയിൽ അല്ലാതിരുന്നതിനാൽ ഡ്രൈവർ വാഹനം പതിയെ നിർത്തുകയും. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് കെഎസ്ആർടിസിയുടെ മറ്റൊരു വാഹനത്തിൽ യാത്രക്കാർക്കുള്ള തുടർ യാത്ര സംവിധാനം ഒരുക്കി. സ്കൂൾ കലോത്സവം നടക്കുന്നതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. എന്നാൽ ആളപായമോ, അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.



