കൊല്ലം കടലിൽ എണ്ണയില്ല, പ്രകൃതി വാതകവുമില്ല; ആഴക്കടൽ പര്യവേക്ഷണം അവസാനിപ്പിച്ച് ഓയിൽ ഇന്ത്യ

കൊല്ലം തീരത്തെ ആഴക്കടലിൽ എണ്ണയും പ്രകൃതി വാതകവും കണ്ടെത്താനുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ശ്രമം ഫലം കണ്ടില്ല. ആറു കിലോമീറ്റർ വരെ ആഴത്തിൽ ഡ്രില്ലിങ് നടത്തി വിവിധ മേഖലകളിൽ സാമ്പിളുകൾ പരിശോധിച്ചെങ്കിലും ഹൈഡ്രോകാർബൺ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ മാസങ്ങളായി തുടർന്നുവന്ന പര്യവേക്ഷണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.
കൊല്ലത്തിനും ആലപ്പാടിനും ഇടയിലുള്ള കടൽമേഖലയിലായിരുന്നു പരിശോധന. 3,000 മുതൽ 6,000 മീറ്റർ വരെ ആഴത്തിൽ കിണറുകൾ കുഴിച്ച് മൂന്ന് മേഖലകളിൽ വെൽ ടെസ്റ്റിങ് നടത്തിയിരുന്നു. എന്നാൽ ലഭിച്ച സാമ്പിളുകളിലൊന്നിലും ക്രൂഡ് ഓയിലിന്റെയോ പ്രകൃതി വാതകത്തിന്റെയോ സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്നാണ് വിവരം.
പര്യവേക്ഷണത്തിനായി വിന്യസിച്ചിരുന്ന ജാക്ക് അപ് റിഗ്ഗുകൾ ടഗ് ബോട്ടുകളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം മുംബൈയിലേക്ക് മാറ്റി. ഡ്രില്ലിങ് നടത്തിയ കിണറുകളിൽ വെൽ സിമന്റിങ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് റിഗ്ഗുകൾ നീക്കിയത്. ഇതോടെ റിഗ്ഗുകളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയും തിരിച്ചുവിളിച്ചു.



