വീണ്ടും സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം ; കേസിൽ നിന്ന് രക്ഷപെടാൻ യുവാവിന്റെ തലയറത്ത് കിണറ്റിൽ തള്ളി

കോടതിനടപടികളിൽ നിന്നു രക്ഷപ്പെടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം നടത്തിയ ആൾ പിടിയിൽ. കാഴ്ചപരിമിതനായ യുവാവിനെ കൊലപെടുത്തി മൃതദേഹം തന്റേതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച വിനോദ് ശർമയാണ് (40) അറസ്റ്റിലായത്. ഇയാളുടെ സഹായികളായ വികാസ്, ഓംപാൽ എന്നിവരും പിടിയിലായി. ബലാത്സംഗം ഉൾപ്പെടെ 3 ക്രിമിനൽ കേസുകളിൽ പ്രതിയാണു വിനോദ് ശർമ. മന്ത്രവാദത്തിലൂടെ കാഴ്ചശക്തി തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് നിഗോഹി സ്വദേശിയായ രാജ്പാലിനെ (30) ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തിയശേഷം തലയറത്തുമാറ്റി പുഴയിലും ഉടൽ കിണറ്റിലും ഉപേക്ഷിക്കുകയായിരുന്നു. ഈമാസം 17ന് ആണ് ശിവ്ഡി ഗ്രാമത്തിലുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ലഭിച്ച ആധാർ കാർഡ് പ്രകാരം ഇത് വിനോദ് ശർമയാണെന്ന് പോലീസ് അനുമാനിക്കുകയും മൃതദേഹം ഭർത്താവിന്റേതാണെന്ന് ഭാര്യ തിരിച്ചറിയുകയും ചെയ്തു. ഇവരുടെ പരാതിപ്രകാരം 9 പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാൽ, രാജ്പാലിന്റെ മൊബൈൽ ഫോണിൽ പുതിയ സിം കാർഡ് ഇട്ട് 3 ദിവസങ്ങൾക്കുശേഷം വിനോദ് ഭാര്യയെയും കുടുംബാംഗങ്ങളെയും വിളിച്ചതോടെ പോലീസ് അന്വേഷണം വഴിതിരിഞ്ഞു.
അറസ്റ്റ് വാറന്റുള്ള വിനോദ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽനിന്നു രക്ഷപെടാനാണ് മരണം വ്യാജമായി സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയത്. വിനോദ് ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിനായി ഇയാളുടെ കുടുംബത്തിലെ 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു




