പഴയ ഗ്രൂപ്പ് കളികൾ വേണ്ട… മുഖം മാത്രമല്ല ഉള്ളും നന്നാകണം… ജി സുധാകരൻ

കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ പരസ്യപ്രതികരണവുമായി ജി സുധാകരൻ എംഎൽഎ. പഴയ യുഡിഎഫ് ആയി മാറരുതെന്നും അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യത്തിനല്ല ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഖം നന്നായാൽ മാത്രം പോരാ, ഉള്ളും നന്നാകണം. പഴയ ഗ്രൂപ്പ് കളികളിൽ നാട്ടുകാർക്ക് താൽപര്യമില്ലെന്നും ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും സുധാകരൻ വ്യക്തമാക്കി. ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും ഭരണത്തിൽ തിരിച്ചെത്താനാകില്ലെന്നും യുഡിഎഫിന് മുന്നിൽ വലിയ അവസരമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും കഴിവുള്ള നേതാക്കളാണെന്ന് അഭിപ്രായപ്പെട്ട സുധാകരൻ, നന്നായി ഭരിച്ചാൽ യുഡിഎഫിന് വീണ്ടും അധികാരത്തിലെത്താനാകുമെന്നും കൂട്ടിച്ചേർത്തു. അങ്ങനെ സംഭവിച്ചാൽ കെസിക്കും ചെന്നിത്തലയ്ക്കുമൊക്കെ മുഖ്യമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ജയരാജൻമാർ തമ്മിലുള്ള പോരിലും ജി സുധാകരൻ പ്രതികരിച്ചു. പാർട്ടിയുടെ ആഭ്യന്തര സ്ഥിതി ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സാഹചര്യങ്ങൾ കണ്ടാണ് താൻ പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും ഇതാണ് പാർട്ടിയുടെ പൊതുസ്ഥിതിയെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽ തിരുത്തൽ നടപടികൾ ആര് നടത്തുമെന്നും ആരാണ് നിയന്ത്രിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് പിആർ പ്രവർത്തനങ്ങളാണെന്നും സുധാകരൻ ആരോപിച്ചു. തന്നെ പിണറായി വിജയൻ ആക്ഷേപിച്ചിരുന്നുവെന്നും അതിന് അദ്ദേഹത്തിന് തിരിച്ചടി ലഭിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു.

Related Articles

Back to top button