തർക്കം മുഖ്യമന്ത്രി കസേരയിൽ ഒതുങ്ങില്ല; സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ അടുത്ത കെപിസിസി പ്രസിഡന്റ് ആരെന്ന ചോദ്യവും കോൺ​ഗ്രസിൽ സജീവമാകുന്നു

കോൺ​ഗ്രസിൽ മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്കൊപ്പം അടുത്ത കെപിസിസി പ്രസിഡന്റാര് എന്ന ചോദ്യവും സജീവമാകുന്നു. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നുറപ്പായതോടെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ ശക്തമായി. ബെന്നി ബെഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. ആന്റോ ആന്റണിയുടെ പേരും നേതൃത്വതലത്തിൽ ചർച്ചയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനനിർണയം തന്നെ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

കെ സുധാകരൻ പദവി ഒഴിയുന്ന ഘട്ടത്തിൽ തന്നെ നിരവധി നേതാക്കൾ അധ്യക്ഷസ്ഥാനത്തേക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്രൈസ്തവ സമുദായ പ്രതിനിധിത്വം പരിഗണിച്ചാണ് സണ്ണി ജോസഫിനെ നേതൃത്വത്തിൽ എത്തിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തിൽ സണ്ണി ജോസഫ് മന്ത്രിയാകാനുള്ള സാധ്യത ശക്തമായതോടെ പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യമാണിപ്പോൾ.

എ ഗ്രൂപ്പിലെ പ്രധാന നേതാക്കളുടെ പിന്തുണ കെ.സി. വേണുഗോപാലിനൊപ്പമാണെന്ന വിലയിരുത്തലിൽ ബെന്നി ബെഹ്നാന്റെ സാധ്യതകൾ ഉയരുന്നുണ്ട്. അതേസമയം, കെസിക്കായി സജീവമായി പ്രവർത്തിച്ച ഷാഫി പറമ്പിലും അധ്യക്ഷസ്ഥാനത്തിനായി പരിഗണനയിലുണ്ട്. മുൻകാലങ്ങളിൽ തഴയപ്പെട്ടതിനെ ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷും അവകാശവാദവുമായി മുന്നിലുണ്ട്. കഴിഞ്ഞ തവണ അവസാന നിമിഷം പിന്തള്ളപ്പെട്ട ആന്റോ ആന്റണിയുടെ പേരും വീണ്ടും സജീവ ചർച്ചയാകുകയാണ്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരാൾക്കായിരിക്കും കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കുകയെന്ന സൂചനകളാണ് ഇപ്പോൾ ശക്തമാകുന്നത്.

Back to top button