കുവൈത്തിൽ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ടു…. 22 പേർ…

കുവൈത്ത്: അബ്ദലി റോഡിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലും ലോഹ വേലിയിലും ഇടിച്ചുണ്ടായ അപകടത്തിൽ 22 പ്രവാസി തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലർക്ക് ഒടിവുകൾ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകളുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാവിലെയാണ് അപകടവിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്.

തുടർന്ന് പൊലീസ് പട്രോളിങ് സംഘങ്ങളും ട്രാഫിക് ഉദ്യോഗസ്ഥരും എമർജൻസി മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റ മുഴുവൻ തൊഴിലാളികളെയും ആംബുലൻസുകളിൽ ജഹ്റ ആശുപത്രിയിൽ എത്തിച്ചു. ഭൂരിഭാഗം പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്ന് തൊഴിലാളികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ പ്രത്യേക വാർഡിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കാനും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ട്രാഫിക്-രക്ഷാപ്രവർത്തക സംഘങ്ങൾ നടപടി സ്വീകരിച്ചു. പ്രോജക്ട് മാനേജരും സ്ഥലത്തെത്തിയിരുന്നു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button