കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം… വിശദീകരണവുമായി ഡയറക്ടർ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിൽ താത്കാലിക നിയമനം നൽകിയ സംഭവത്തിൽ വിശദീകരണവുമായി സീമാറ്റ് ഡയറക്ടർ അരുൺ കുമാർ. ഷാനിയുടെ യോഗ്യത പരിഗണിച്ചാണ് നിയമനം നൽകിയതെന്ന് ഡയറക്ടർ വ്യക്തമാക്കി. സീമാറ്റിലെ തസ്തികകളെല്ലാം താൽക്കാലികമാണെന്നും സ്ഥിരനിയമനം ഇല്ലെന്നും അരുൺ കുമാർ പറഞ്ഞു.

ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമായതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നത്. മറ്റ് ബയോഡേറ്റകൾ ലഭിച്ചിരുന്നില്ലെന്നും ലഭിച്ച ബയോഡേറ്റ പരിശോധിച്ച് ആവശ്യമായ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നിയമനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഷെഫീറിന്റെ ഭാര്യ ആയതുകൊണ്ടല്ല നിയമനം നൽകിയതെന്നും ഡയറക്ടർ പറഞ്ഞു. താൽക്കാലിക നിയമനങ്ങളിൽ മുൻകാലങ്ങളിലും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ലെന്നാണ് വിശദീകരണം. എന്നാൽ ഒഴിവ് എങ്ങനെയാണ് ഷാനി അറിഞ്ഞതെന്ന് അറിയില്ലെന്നും അരുൺ കുമാർ പറഞ്ഞു.

നിയമനത്തിൽ ക്രമക്കേടുണ്ടെങ്കിൽ പരിശോധിക്കാമെന്നും സർക്കാരുമായി ചർച്ച ചെയ്ത് ഇക്കാര്യം പരിശോധിക്കുമെന്നും സീമാറ്റ് ഡയറക്ടർ വ്യക്തമാക്കി. അതേസമയം, വിജ്ഞാപനം പുറപ്പെടുവിക്കാതെ നടത്തിയ നിയമനത്തിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പ്രവർത്തകർ സീമാറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഡയറക്ടറെ ഉപരോധിക്കുകയും ചെയ്തു.

Related Articles

Back to top button