ക്ലിഫ് ഹൗസിൽ പനി പടരുന്നു… അഞ്ച് പൊലീസുകാർക്ക്…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി. ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ചികിത്സ തേടി. അതേസമയം, കേരളത്തിൽ ഡെങ്കിപ്പനി വർഷം മുഴുവൻ നിലനിൽക്കുന്ന രോഗമായി മാറുന്നതിന്റെ സൂചനകളാണ് കണക്കുകൾ നൽകുന്നത്. ഈ വർഷം സെപ്റ്റംബർ 24 വരെ സംസ്ഥാനത്ത് 11,281 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. 2025ൽ 10,886 കേസുകളും 56 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
സാധാരണ രോഗബാധ കുറയുന്ന ജനുവരിയിൽ പോലും ഈ വർഷം 378 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും നാലുപേർ മരിക്കുകയും ചെയ്തു. മൺസൂൺ ദുർബലമായ സെപ്റ്റംബറിലെ ആദ്യ 24 ദിവസങ്ങളിൽ മാത്രം 1,330 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം ജൂണിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,802 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 15 പേർ മരിച്ചു. സംസ്ഥാനത്ത് ഡെങ്കി വൈറസിന്റെ ഡെൻവ്-1, 2, 3, 4 വകഭേദങ്ങൾ നിലവിലുണ്ടെന്നാണ് സംയോജിത രോഗനിരീക്ഷണ പദ്ധതി രേഖകൾ വ്യക്തമാക്കുന്നത്. ഒരു വകഭേദം ബാധിച്ച വ്യക്തിക്ക് പിന്നീട് മറ്റൊരു വകഭേദം ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. 2022ൽ 4,432 ഡെങ്കിപ്പനി കേസുകളും 29 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ 17,426 കേസുകളും 153 മരണവുമായി രോഗബാധ ഉയർന്നു. 2024ൽ 20,674 കേസുകളും 128 മരണവും റിപ്പോർട്ട് ചെയ്തു. 2025ൽ കേസുകൾ കുറഞ്ഞെങ്കിലും ഈ വർഷം വീണ്ടും രോഗബാധ ഉയരുന്ന സാഹചര്യമാണ് കാണുന്നത്.



