സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനം… കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കർശന നിർദേശം നൽകിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകൾ കൂടുതലുള്ളതെന്നും മന്ത്രി പറഞ്ഞു. ലൈസൻസില്ലാതെ ബോർഡ് സ്ഥാപിച്ച് പ്രവർത്തിക്കുന്ന നിരവധി സ്പാകളുണ്ടെന്നാണ് മന്ത്രിയുടെ ആരോപണം. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പാകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പുകളും സെക്‌സ് റാക്കറ്റുകളും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിക്ക് പുറമെ മറ്റ് സ്ഥലങ്ങളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കളമശേരിയിലെ സ്പായിലെ കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം കേസിലെ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയതായാണ് പൊലീസ് വിവരം. അറസ്റ്റിലായ നാല് പ്രതികളെയും യുവതി തിരിച്ചറിഞ്ഞു. കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

Related Articles

Back to top button