കേരളത്തിന്റെ മുഖ്യമന്ത്രി ആര്?… സസ്പെൻസ് തുടരുന്നു….. ഹൈക്കമാൻഡ് പ്രതിനിധികൾ ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ മണിക്കൂറുകൾക്കകം തീരുമാനമാകും. ഹൈക്കമാൻഡ് പ്രതിനിധികളായ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മുതിർന്ന നേതാക്കളായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവരാണ് കേരളത്തിലെത്തുന്നത്. വൈകീട്ട് നാല് മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.
ഉച്ചയ്ക്ക് ഒരു മണിക്കാണ് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് പ്രതിനിധികൾ കൂടി എത്തിയ ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. സിവില് ഏവിയേഷൻ അധികൃതരോട് ചാർട്ടേഡ് വിമാനം ലാൻഡ് ചെയ്യാനുള്ള അനുമതി കോൺഗ്രസ് നേതൃത്വം തേടിക്കഴിഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുൻപ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കെ.സി വേണുഗോപാലും ഹൈക്കമാൻഡ് സംഘത്തോടൊപ്പം കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രാഹുൽ ഗാന്ധി അദ്ദേഹത്തെ അടിയന്തരമായി വിളിച്ചുവരുത്തിയതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന ആകാംക്ഷയിലാണ് പ്രവർത്തകർ.
ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചാലുടൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതിനിടെ, മുൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യം നേരിട്ട് വിലയിരുത്തിയ നിരീക്ഷകർ കൂടി എത്തുന്നതോടെ അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്. മുഖ്യമന്ത്രി കസേരയിൽ ആരിരിക്കുമെന്ന സസ്പെൻസ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ തലസ്ഥാനം വലിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.



