ഹൈക്കോടതിയിൽ ആശ്വാസം; സവർക്കർ ക്വിസ് വിവാദത്തിൽ..

കാസർകോട്ടെ സ്‌കൂൾ ക്വിസ് മത്സര ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്‌പെൻഷനിലായ അധ്യാപകന് ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം. വി.ഡി. സവർക്കറെക്കുറിച്ചുള്ള വിവാദ ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകൻ ഗുരുപ്രസാദ് റായിയുടെ നടപടിയാണ് ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്. അതേസമയം, അധ്യാപകനെതിരെ തുടർ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പള്ളത്തടുക്ക എ.യു.പി സ്‌കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ് റായ്.

അതിനിടെ ഫ്രീഡം ക്വിസ് വിവാദത്തിൽ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഇടക്കാല സ്റ്റേ ആണ്. വിഷയത്തിലൽ സർക്കാർ നിലപാട് ഹൈക്കോടതിയിൽ അറിയിക്കുമെന്നാണ് മന്ത്രി എൻ ഷംസുദീൻ പറഞ്ഞത്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ കണ്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ നടന്ന എൽപി വിഭാഗം സോഷ്യൽസയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യവും ഉത്തരവുമാണ് നടപടിയിലേയ്ക്ക് നയിച്ചത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് വി ഡി സവർക്കർ എന്നായിരുന്നു ഉത്തരസൂചികയിൽ നൽകിയത്.

ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ വിദ്യാഭ്യാസ വകുപ്പിലെ എഇഒയ്ക്ക് ഓഗസ്റ്റ് ഒന്നിന് തന്നെ അയച്ചു കൊടുത്തിരുന്നെന്നും എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും അധ്യാപകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടി എടുത്തതെന്നായിരുന്നു സർക്കാർ വാദം.

Related Articles

Back to top button