പാലളക്കാൻ പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം… വഴുതിവീണ ഉടമയ്ക്ക് കാവലായി വളർത്തുനായ

സുല്‍ത്താന്‍ബത്തേരി: വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടൽ കാരണം കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി ജീവന് തിരികെ കിട്ടിയ ആശ്വാസത്തിലാണ് പഴേരി വീട്ടികുറ്റി ഉന്നതിയിലെ ശശി (55). ആക്രമണത്തിൽ സാരമായ പരിക്കുകളില്ലെങ്കിലും ഇദ്ദേഹം ഇപ്പോള്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ 5.30 യോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ഉന്നതിയില്‍ നിന്ന് പാലളക്കുന്നതിനായി പാലുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ശശി. ഈ സമയം കാട്ടാന വീടിന് തൊട്ടുപുറത്തുണ്ടായിരുന്നു. പിന്നാലെയെത്തിയ ആന ശശിയെ ആക്രമിക്കുകയായിരുന്നു. മുന്‍പിലുണ്ടായിരുന്ന പാലം ലക്ഷ്യമാക്കി ഓടാന്‍ ശ്രമിച്ചെങ്കിലും വഴിയിൽ വഴുതി വീഴുകയായിരുന്നു. തുടർന്ന് ആന തുമ്പിക്കൈയ്യാല്‍ തട്ടിയതോടെ ശശി കുഴിയിലേക്കാണ് വീണത്. പിന്നാലെ എത്തിയ ആന കുത്തിയെങ്കിലും, കൊമ്പിന് ഇടയിലായിപോയത് കൊണ്ട് മാത്രമാണ് ജീവന് രക്ഷപ്പെട്ടതെന്ന് ശശി പറയുന്നു. വീഴ്ചയ്ക്കിടയിൽ ശശിയുടെ ഇടത് കാലിന് നിസാര പരിക്കേറ്റിട്ടുണ്ട്.
വീണുകിടന്ന ശശിയെ ആന വീണ്ടും ആക്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഈ സമയം ശശിയുടെ വളർത്തുനായ ആനയ്ക്ക് നേരെ ഭയമില്ലാതെ കുരച്ചുചാടി. ഇതോടെ ആനയുടെ ശ്രദ്ധ നായയ്ക്ക് നേരെ തിരിയുകയും ഈ വിടവിൽ ശശിക്ക് വേഗത്തിൽ എഴുന്നേറ്റ് മാറി രക്ഷപ്പെടാന്‍ കഴിയുകയുമായിരുന്നു. വളർത്തുനായ കാവലായി എത്തിയില്ലായിരുന്നെങ്കിൽ താൻ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്ന് ശശി താലൂക്ക് ആശുപത്രിയിൽ വെച്ച് കൃതജ്ഞതയോടെ ഓർത്തു.



