‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ പുറത്ത്… ഹവാല ചർച്ച…

കോഴിക്കോട്: ‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങൾ പുറത്തുവിട്ട് അംഗങ്ങൾ. ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും വീഡിയോകളും പുറത്തുവന്നതായി റിപ്പോർട്ടുകൾ. റിയാസ് മന്ത്രിയായതിന് പിന്നാലെയാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് വിവരം. റിയാസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും വീഡിയോകളുമാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്നാണ് പുറത്തുവന്ന വിവരങ്ങൾ.
മാധ്യമപ്രവർത്തകരും റിയാസിന്റെ പേഴ്സണൽ സ്റ്റാഫിലുള്ളവരുമാണ് ഗ്രൂപ്പിലെ അംഗങ്ങളെന്നും റിപ്പോർട്ടുകളുണ്ട്. 2024 ജൂൺ മുതലുള്ള ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സജീവമല്ലെന്നും വിവരമുണ്ട്. അതേസമയം, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും പുറത്തുവന്ന ചാറ്റുകളിൽ കാണാനില്ലെന്നതാണ് ശ്രദ്ധേയം. 2024 ജൂലൈ 3, 4 തീയതികളിൽ ‘നമ്മൾ ബേപ്പൂർ കോർ ടീം’ ഗ്രൂപ്പിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചർച്ച നടന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ പുറത്തുവിട്ട ചാറ്റുകളിൽ ഈ ദിവസങ്ങളിലെ സന്ദേശങ്ങളില്ല. 2024 ജൂൺ 17ന് ശേഷമുള്ള അടുത്ത സന്ദേശം ജൂലൈ 26ന്റേതാണ്. ഇതോടെ ഈ കാലയളവിലെ ചാറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
2025 ജൂലൈ 5നും പണമിടപാടുമായി ബന്ധപ്പെട്ട ചർച്ച നടന്നതായി ഇഡി പറയുന്നതായാണ് വിവരം. എന്നാൽ പുറത്തുവന്ന ഗ്രൂപ്പ് ചാറ്റുകളിൽ 2025 ജൂൺ 26ന് ശേഷമുള്ള അടുത്ത സന്ദേശം ഓഗസ്റ്റ് 5ന്റേതാണ്. ഈ ഇടവേളയിലും സന്ദേശങ്ങൾ കാണാനില്ല. 2024 ജനുവരി 6ന് രൂപീകരിച്ചതായി പറയുന്ന ഗ്രൂപ്പിൽ 2024 ജൂൺ 17നാണ് ആദ്യ സന്ദേശം കാണുന്നത്. അതേസമയം, ഗ്രൂപ്പിലെ സന്ദേശങ്ങൾ പൂർണമായാണോ പുറത്തുവിട്ടത്, ചില ചാറ്റുകൾ നീക്കം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും ഇഡി ഉന്നയിക്കുന്ന കണ്ടെത്തലുകളിലും കൂടുതൽ പരിശോധന തുടരുകയാണ്.



