കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല… കേന്ദ്ര നിർദേശത്തിന് വഴങ്ങി മെറ്റ

കേന്ദ്രസർക്കാരിന്റെ കർശന നിർദേശങ്ങൾക്ക് പിന്നാലെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകൾ ഇന്ത്യൻ നിയമനിർവഹണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാൻ മെറ്റ സമ്മതിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട കേസുകളാണ് റിപ്പോർട്ട് ചെയ്യുക. മെറ്റ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് ഇക്കാര്യം സ്ഥിരീകരിച്ച് കത്ത് നൽകിയതായാണ് റിപ്പോർട്ട്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ കേന്ദ്രസർക്കാരിന്റെ പ്രധാന പരിഗണനയാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം കണ്ടെത്തുകയും നീക്കം ചെയ്യുകയും നിയമനിർവഹണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമായി കേന്ദ്രസർക്കാർ ചർച്ച തുടരുകയാണ്. മെറ്റയുടെ പുതിയ തീരുമാനം കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കുന്നതിനുള്ള ആദ്യപടിയാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇനിയും ഏറെ നടപടികൾ ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. മെറ്റയ്ക്ക് മാത്രമല്ല, കുട്ടികൾക്കെതിരായ അതിക്രമങ്ങളും നിയമവിരുദ്ധ ഉള്ളടക്കവും കൃത്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെയും നടപടി ശക്തമാക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അതേസമയം, കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിനെതിരെ നടപടികൾ ശക്തമാക്കുന്നതായും മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.



