ഹരിപ്പാട് യുവാക്കൾക്ക് നേരെ വധശ്രമം… കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ…

ആലപ്പുഴ: ഹരിപ്പാട് ബാറിന് മുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനം തട്ടിയത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. ഹരിപ്പാട് തുലാമ്പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (39), പുളിമൂട്ടിൽ തെക്കതിൽ സുമേഷ് (30), രാഗം വീട്ടിൽ വിനായക് (31) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന നാലാമനായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യൻ മനോജ് (27) ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി പത്തുമണിയോടെ നാരകത്തറയിലെ സ്വകാര്യ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ആദിത്യനും സംഘവും ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഇതിനിടെ മഹേഷും കൂട്ടാളിയും സഞ്ചരിച്ച കാർ പിന്നോട്ടെടുക്കുന്നതിനിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് പ്രതികൾ യുവാക്കളെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സ്കൂട്ടറിലെത്തിയ മറ്റ് രണ്ടുപേരും സംഘത്തോടൊപ്പം ചേർന്ന് യുവാക്കളെ നിലത്തിട്ട് മർദിച്ചു. ഇതിനിടെ മഹേഷ് കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ആദിത്യന്റെ തല ലക്ഷ്യമാക്കി അടിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ അടിയേറ്റത് ചെവിയുടെ ഭാഗത്താണ്. ആദിത്യന്റെ മൂക്കിന്റെ പാലത്തിനും ഇടത് ചെവിയുടെ ഭാഗത്തെ എല്ലിനും പൊട്ടലുണ്ട്. അക്രമത്തിന് പിന്നാലെ സംഘം കമ്പിവടിയുമായി യുവാക്കൾ താമസിച്ചിരുന്ന മുറിയിലെത്തി വധഭീഷണി മുഴക്കിയതായും പൊലീസ് പറയുന്നു. കാറിന്റെ ഡിക്കിയും തല്ലിത്തകർത്തു.

പരാതി നൽകുന്നത് ഒഴിവാക്കാൻ യുവാക്കൾ ആദ്യം ചികിത്സ തേടിയ ആശുപത്രിയിലും പ്രതികൾ എത്തിയതായി പരാതിയുണ്ട്. തുടർന്ന് ഗുരുതര പരിക്കുകളെ തുടർന്ന് ആദിത്യനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് മണ്ണാറശാല ഭാഗത്തെ കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷിനെതിരെ കാപ്പാ ചുമത്തുന്നതടക്കമുള്ള നടപടികളും പരിഗണിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം ഒരാളുടെ കൈവെട്ടിയ കേസിലും പ്രതിയായിരുന്ന മഹേഷ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വധശ്രമക്കേസിൽ പിടിയിലായത്. സംഭവത്തിൽ നാലാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button