14 വയസ്സിന് താഴെയുള്ള കുട്ടികളുടെ മതപഠന സ്ഥാപനങ്ങൾക്ക് നിയന്ത്രണം വേണം… സുപ്രീം കോടതി

ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്ന ഹർജിയിൽ നടപടിയെടുത്തില്ലെന്ന പരാതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന പരാതിയിൽ സ്കൂൾ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ടി.കെ. അനിൽ കുമാറിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയത്തിൽ നാലാഴ്ചയ്ക്കകം വിശദമായ മറുപടി നൽകാനും കോടതി നിർദേശിച്ചു.

അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജിയിൽ, വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. കോടതി നിർദേശപ്രകാരം സർക്കാരിന് നിവേദനം നൽകിയെങ്കിലും വിദ്യാഭ്യാസ മന്ത്രാലയം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഇതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും കോടതിയെ സമീപിച്ചത്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യാനും അവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ നിയമപരമായ സംവിധാനം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഭരണഘടനയിലെ അനുച്ഛേദം 21A, 39(f), 45, 51-A(k) എന്നിവ ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയിലെ അനുച്ഛേദം 30ന്റെ പരിധിയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അനുച്ഛേദം 30 ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തിൽ, അനുച്ഛേദം 19(1)(g) പ്രകാരമുള്ള അവകാശങ്ങൾക്ക് പുറമെ പ്രത്യേക ആനുകൂല്യങ്ങൾ അവകാശപ്പെടാനാകില്ലെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണമാണ് ഇനി സുപ്രീം കോടതി പരിഗണിക്കുക.

Related Articles

Back to top button