ഉച്ചഭക്ഷണം കഴിക്കാൻ പോയ യുവാവ് തിരിച്ചെത്തിയില്ല… മെട്രോ സ്റ്റേഷന് സമീപം യുവാവിനെ…

കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളുരുത്തി പി ഡി റോഡ് മുളങ്ങാട്ട് വീട്ടിൽ ജോസഫ് സേവ്യർ (41) ആണ് മരണപ്പെട്ടത്. അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് പിന്നിലെ റെയിൽ പാളത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ജോസഫ് സേവ്യറിന്റെ ബൈക്ക് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വർഷങ്ങളോളം വിദേശത്തായിരുന്ന ജോസഫ് സേവ്യർ കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്നു. സംഭവ ദിവസം ഉച്ചവരെ ആലുവ എടയപ്പുറത്തെ സൈറ്റിൽ ഇയാൾ ജോലിയിലുണ്ടായിരുന്നു. ഇവിടെ നിന്നും ഉച്ചയോടെ ഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയ ജോസഫ് പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നിലവിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



