സിക്കിം തുരങ്ക അപകടം: കോട്ടയം സ്വദേശി അനീഷ് മരിച്ചു…

സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചതായി സ്ഥിരീകരണം. അർദ്ധരാത്രിയോടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിനെ അറിയിച്ചു. മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു. അനീഷിന്റെ ബന്ധുക്കൾ നിലവിൽ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 2011 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC) ഉദ്യോഗസ്ഥനാണ് അനീഷ്.
തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ ദുരന്തമുണ്ടായത്. മീഥേൻ വാതകം ചോർന്നുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു. എൻഎച്ച്പിസി ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചു പേരിൽ ഇതുവരെ 22 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 9 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും ഇപ്പോഴും സജീവമായി പുരോഗമിക്കുകയാണ്. NDRF, SDRF, ഫയർ ഫോഴ്സ് സംഘങ്ങൾക്ക് പുറമെ മൈൻസ് സുരക്ഷാ ഡിജിയിൽ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘവും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്.



