ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. എസ്.പി. ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പ്രതികളെ വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ മുൻ ബോർഡ് അംഗം അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. അഭിഭാഷകനും സുഹൃത്തുക്കളുമൊത്ത് സ്വകാര്യ വാഹനത്തിലാണ് അജികുമാർ പോലീസ് ക്ലബിലെത്തിയത്. തുടർന്ന് എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ഇരുവരെയും ഒന്നിച്ചിരുത്തി വിശദമായി ചോദ്യം ചെയ്തു.

ദ്വാരപാലക പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി. കേസിൽ പി.എസ്. പ്രശാന്ത് ഉൾപ്പെടെ ഏഴുപേരുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതായി എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019-ൽ നടന്നതായി പറയുന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് 2025-ൽ ദ്വാരപാലക വിഗ്രഹങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് ആരോപണം. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന് പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്. പ്രശാന്തിനും എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്.

അതേസമയം, താൻ യാതൊരുവിധ ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പി.എസ്. പ്രശാന്തിന്റെ വാദം. കേസ് മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വളരെ കുറച്ചുതവണ മാത്രമാണ് കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും പ്രശാന്ത് വ്യക്തമാക്കി.

Related Articles

Back to top button