കണ്ണുതുറന്ന് കാണൂ, ജനങ്ങളെ സംരക്ഷിക്കേണ്ടവർ ഭാവി തലമുറയ്ക്ക് മേൽ ബലപ്രയോഗം നടത്തുന്നു…

ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിലും അതിനെതിരായ പോലീസ് നടപടിയിലും പ്രതികരണവുമായി നടൻ മാധവ് സുരേഷ്. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുകയാണെന്നും പ്രതിപക്ഷം വിദ്യാർഥികളെ രാഷ്ട്രീയലക്ഷ്യത്തോടെ കരുവാക്കുകയാണെന്നും മാധവ് ആരോപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ കൂടിയായ മാധവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു തൻ്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്ന് വ്യക്തമാക്കിയ താരം, സമരവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ പ്രതികരണം പ്രതീക്ഷിക്കുന്നവർ നിരാശരാവേണ്ടി വരുമെന്നും കുറിച്ചു.
ഇവിടെ സംഭവിക്കുന്നത് കുഴപ്പം പിടിച്ച കാര്യങ്ങളാണ്. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുന്നു. ഭരിക്കുന്നവരുമായി ആരോഗ്യകരമായ മത്സരത്തിന് നേതൃത്വം നൽകേണ്ടവർ ജനങ്ങളെ വഞ്ചിച്ച് അവരുടെ അജൻഡ നടപ്പാക്കുന്നു. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാജ്യത്തെ സാധാരണക്കാരാണ് പരാജയപ്പെടുന്നതെന്നും മാധവ് അഭിപ്രായപ്പെട്ടു. ഇതിനെല്ലാം സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അത് അസാധ്യമെന്നാണ് തോന്നുന്നതെന്നും, രാജ്യമാണ് എപ്പോഴും വലുതെന്നും നടൻ വ്യക്തമാക്കി.
തൻ്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ സെലിബ്രിറ്റി പ്രതികരണമല്ല പ്രതീക്ഷിക്കേണ്ടത് എന്ന് വ്യക്തമാക്കിയ അദ്ദേഹം, വിദ്യാർഥികളെ ഒരുവിഭാഗം ആക്രമിക്കുമ്പോൾ മറ്റൊരു വിഭാഗം അവരെ കരുവാക്കുകയാണെന്നും കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തയുണ്ടെങ്കിൽ ഇതൊരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അപൊളിറ്റിക്കൽ ആണെന്ന് വ്യക്തമാക്കിയ മാധവ്, സ്വന്തം താത്പര്യങ്ങൾക്കപ്പുറം രാജ്യത്തിന് മുൻഗണന നൽകുന്ന ഒരു പാർട്ടി രൂപവത്കരിക്കപ്പെടുന്നതുവരെ അങ്ങനെ തന്നെ തുടരുമെന്നും, അനാവശ്യമായ മോശം സന്ദേശങ്ങൾക്ക് അതേ ഭാഷയിൽ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.



