ലക്ഷ്യം വിദ്യാർത്ഥികൾ, വിദേശികളും വലയിൽ….. മയക്കുമരുന്ന് വിവരങ്ങൾ വാട്‌സ്ആപ്പ് വഴിയും അറിയിക്കാം…. രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാനുള്ള കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുകയാണെന്നും സംശയമുനയിലുള്ളവരെയെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സ്കൂളുകൾക്ക് മുന്നിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വ്യാപാരം നടത്താനാണ് അന്താരാഷ്ട്ര ലഹരി സംഘങ്ങൾ ശ്രമിക്കുന്നത്. ഇതിനകം രണ്ട് അന്താരാഷ്ട്ര സംഘാംഗങ്ങളെ പോലീസ് പിടികൂടിയിട്ടുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ’ വഴി 60 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് ഇതുവരെ കണ്ടെടുത്തത്. 16 അംഗങ്ങളുള്ള ഒരു കേസിൽ നൈജീരിയൻ പൗരനായ സാമുവലിനെ ഡൽഹിയിൽ നിന്നും, പത്തനംതിട്ടയിലെ മറ്റൊരു കേസിൽ വിദേശ പൗരയായ എൽസീനയെ ബെംഗളൂരുവിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ശാസ്ത്രീയമായ നിലയിലാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പിലാക്കുന്നത്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനൊപ്പം ലഹരി വേട്ടയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും.
ലഹരി വിപത്തിനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിന് കൈമാറാനായി ‘തൂഫാൻ വിജിലൻസ്’ എന്ന പ്രത്യേക സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുൻ സർക്കാരിന്റെ ‘ഓപ്പറേഷൻ ഡി ഹണ്ടിന്റെ’ തുടർച്ചയായിട്ടാണ് തൂഫാനെ കാണേണ്ടതെന്നും, പിടിക്കപ്പെടുന്നവരുടെ പുനരധിവാസം ആരോഗ്യ-എക്സൈസ് വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻഡിപിഎസ് നിയമപ്രകാരം ആയിരം ഗ്രാം വരെ കൈവശം വെയ്ക്കാമെന്ന കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ 728 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 795 പേര്‍ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 625 ഗ്രാം എംഡിഎംഎ, 48 കിലോ കഞ്ചാവ്, 130 ഗ്രാം ഹാഷിഷ് ഓയില്‍, 480 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എസ്എച്ച്ഒ സംവിധാനത്തിലെ പരിഷ്കാരം വേഗത്തിൽ നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. സമിതിയുടെ ശുപാർശ പ്രകാരം മാത്രമേ ഇതിൽ മാറ്റമുണ്ടാകൂ. നിലവിലെ എസ്എച്ച്ഒ സംവിധാനം വന്നതോടെ എസ്‌ഐമാരുടെ ഉത്സാഹം കുറയുകയും അവരുടെ പ്രവർത്തനങ്ങളിൽ മാന്ദ്യം സംഭവിക്കുകയും ചെയ്തതായി പൊതുജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ നടപടിയായതിനാലാണ് ഇക്കാര്യം പരിശോധിക്കാൻ സമിതിയെ വെച്ചത്. മുൻ സർക്കാർ ചെയ്തതുകൊണ്ട് മാത്രം ഒരു നല്ല കാര്യം ഈ സർക്കാർ ഉപേക്ഷിക്കില്ല. എന്നാൽ, പഴയ സംവിധാനം തന്നെയാണ് നല്ലതെന്ന് ഭൂരിഭാഗം ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എസ്എച്ച്ഒ സംവിധാനം മാറ്റുന്നത് സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.



