എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം… പ്രതിക്കെതിരെ കൂടുതൽ കേസുകൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പോലീസിന്റെ നീക്കം. ജൂനിയർ വിദ്യാർത്ഥിയായ ഏബലിനെതിരെ കൂടുതൽ സീനിയർ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരായ കൂടുതൽ പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയതോടെ കേസിൽ ഇന്ന് 4 കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു.

12-ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് റെഡിറ്റ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി കൈമാറിയത്. നിലവിൽ ഒരു കേസ് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ പ്രതിയായ ഏബലിന് മുൻപ് ജാമ്യവും ലഭിച്ചിരുന്നു. ആറുമാസം മുമ്പ് തന്നെ സൈബർ പോലീസിന് പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ കണ്ടുപിടിക്കാൻ പോലീസ് യാതൊരുവിധ ഇടപെടലും നടത്തിയില്ലെന്ന് പരാതിക്കാരിയായ വിദ്യാർത്ഥിനി പറഞ്ഞു. കൂടുതൽ പരാതികൾ ലഭിച്ചിട്ടും മെഡിക്കൽ കോളേജ് പോലീസ് മൊഴിയെടുക്കാനോ പ്രത്യേകം എഫ്ഐആർ ഇടാനോ തയ്യാറായിരുന്നില്ല.

വിഷയത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ രാത്രി മെഡിക്കൽ വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരാതികളിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. നിലവിൽ പുതിയ എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതിയായ ഏബലിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും.

Related Articles

Back to top button