‘നികുതി തീർപ്പാക്കിയാലും കള്ളപ്പണം അന്വേഷിക്കാം’… സിഎംആർഎല്ലിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഹൈക്കോടതി വിധി

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ കമ്പനിക്കെതിരെ ഗുരുതര പരാമർശങ്ങൾ. സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണ്ണമായും ശരിവെച്ച കോടതി, ഇ ഡി അന്വേഷണം തുടരാമെന്നും അതിന് യാതൊരുവിധ നിയമപരമായ വിലക്കുകളില്ലെന്നും വ്യക്തമാക്കി. അപ്പീൽ നൽകുന്നതിനായി അന്വേഷണ നടപടികൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും ഡിവിഷൻ ബെഞ്ച് തള്ളി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കമ്പനി ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
കേസ് നേരത്തെ തന്നെ തീർപ്പാക്കിയതാണെന്ന സിഎംആർഎല്ലിന്റെ പ്രധാന വാദം ഹൈക്കോടതി പൂർണ്ണമായും തള്ളി. ആദായനികുതി വകുപ്പിന് കീഴിലുള്ള ഇൻ്ററിം സെറ്റിൽമെന്റ് ബോർഡ് ഒരു വിഷയം തീർപ്പാക്കിയാലും, അതിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാൻ ഇ ഡിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആദായ നികുതി, സമ്പത്ത് നികുതി നിയമങ്ങളിലെ നടപടികളിൽ നിന്ന് മാത്രമാണ് കമ്പനിക്ക് നിയമ പരിരക്ഷയുള്ളത്. ഇ ഡി അന്വേഷിക്കുന്നത് പിഎംഎൽഎ നിയമപ്രകാരമാണ്. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തിനെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. വരുമാനം വെളിപ്പെടുത്താത്തതോ, നികുതിയോ പിഴയോ അടയ്ക്കുന്നതോ ഇതിന്റെ പരിധിയിൽ വരില്ല. അതിനാൽ ഇ ഡിയുടെ അന്വേഷണ അധികാരം ഇല്ലാതാകുന്നില്ല.
സിവിൽ അന്വേഷണവുമായി ഇ ഡിക്ക് ശക്തമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടുന്നതിനും അതിനായുള്ള അന്വേഷണങ്ങൾ നടത്തുന്നതിനും തടസ്സമില്ല. ഇത്തരം സിവിൽ നടപടികൾക്ക് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന ‘പ്രെഡിക്കേറ്റ് ഒഫൻസ്’ (അടിസ്ഥാന കുറ്റകൃത്യം) ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, നിലവിൽ പ്രെഡിക്കേറ്റ് ഒഫൻസ് ഇല്ലാത്തതിനാൽ പിഎംഎൽഎ നിയമത്തിലെ മൂന്നും നാലും വകുപ്പുകൾ അനുസരിച്ചുള്ള അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ ഇ ഡിക്ക് അനുമതിയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.



