സമരവേദിയിലെത്തി കെ. സുധാകരൻ… പിന്തുണ വിദ്യാർത്ഥികൾക്ക് മാത്രം, സിജെപിക്കല്ല…

ഡൽഹി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദി സന്ദർശിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി. എന്നാൽ തന്റെ ഐക്യദാർഢ്യം സിജെപിക്കല്ല, മറിച്ച് സമരരംഗത്തുള്ള വിദ്യാർത്ഥികൾക്കാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സിജെപിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ കോൺഗ്രസിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും, പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് പ്രതിഷേധ വേദി സന്ദർശിച്ചതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, ജന്തർ മന്തറിൽ യുവാക്കൾ നടത്തുന്ന പ്രതിഷേധം ഇന്നും പാർലമെന്റിന്റെ ഇരുസഭകളെയും പൂർണ്ണമായും തടസ്സപ്പെടുത്തി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ വലിയ രീതിയിലാണ് ബഹളം വച്ചത്. സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പ്രതിഷേധം കടുത്തിരുന്നു. വിഷയത്തിൽ ചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം തുടർന്നതോടെ ലോക്‌സഭ നിർത്തിവെക്കുകയായിരുന്നു. പിന്നീട് വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നതോടെ രണ്ട് മിനിറ്റ് മാത്രം സഭ സമ്മേളിച്ച ശേഷം രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അതിനിടെ, വിഷയത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതി കൊണ്ടുവരുന്നത് യഥാർത്ഥ പരിഹാരമല്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. നിലവിലെ കോടതി ഫാസ്റ്റ് ട്രാക്ക് കോടതിയായി മാറ്റുമ്പോൾ കെട്ടിക്കിടക്കുന്ന മറ്റനേകം കേസുകൾ പോലെ ഇതും മാറിപ്പോകുമെന്നാണ് സിജെപിയുടെ നിലപാട്. ഈ സമരത്തിന് പ്രത്യേകിച്ച് ഒരു നേതാവില്ലെന്നും സമരം ചെയ്യുന്നത് രാജ്യത്തെ യുവാക്കളാണെന്നും സൗരവ് ദാസ് പറഞ്ഞു. സമരം സർക്കാരിന് ഊരാകുടുക്കല്ലെന്ന് അശുതോഷ് റാങ്കെയും വ്യക്തമാക്കി.

Related Articles

Back to top button