കാട്ടാന ആക്രമണം പരിശോധിക്കാൻ എത്തിയ വനംമന്ത്രി…. വഴിയിൽ കാത്തുനിന്ന് കാട്ടാന… വനംമന്ത്രിയുടെ വാഹനം തടഞ്ഞു
തൃശ്ശൂർ: കാട്ടാന ആക്രമണത്തിന്റെ തീവ്രത വിലയിരുത്താൻ ജനവാസമേഖലയിൽ സന്ദർശനത്തിനെത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നേരിടേണ്ടി വന്നത് നാടകീയ അനുഭവങ്ങൾ. തൃശ്ശൂർ വാഴച്ചാലിനടുത്തുള്ള ചാർപ്പയിൽ വെച്ച് മന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ വഴിമുടക്കി കാട്ടാന നിലയുറപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പ്രദേശത്തെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച ശേഷം ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്നു മന്ത്രിയും സംഘവും. ഈ സമയത്താണ് ചാർപ്പയിൽ വെച്ച് പെട്ടെന്ന് കാട്ടാന റോഡിലേക്ക് ഇറങ്ങി വാഹനങ്ങൾക്ക് മുന്നിൽ നിലയുറപ്പിച്ചത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ഇതിന് ശേഷമാണ് മന്ത്രിയും സംഘവും യാത്ര പുനഃരാരംഭിച്ചത്.
വഴിമധ്യേ ആനയുടെ തടസ്സമുണ്ടായെങ്കിലും, പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. ‘ജനവാസമേഖലയിലെ കാട്ടാനശല്യം പരിഹരിക്കുന്നതിന് സർക്കാർ മുൻഗണന നൽകും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉടൻ തന്നെയുണ്ടാകും.‘ — വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.



