തൊടുപുഴ സ്മിത ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യാ ശ്രമം… ചീഫ് നഴ്സിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്കെതിരെ കേസ്

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സ് ജോലിക്കിടെ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ആശുപത്രി ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നഴ്സിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയ ശേഷമാണ് തൊടുപുഴ പൊലീസ് നടപടിയെടുത്തത്. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കടുത്ത മാനസിക പീഡന ആരോപണം ഉയർന്നതിനെ തുടർന്ന് ഇവരെ മൂന്നുപേരെയും ഇന്നലെ ആശുപത്രി മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. യുഎൻഎ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ആശുപത്രിയിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചീഫ് നഴ്സിങ് ഓഫീസറും സൂപ്പർവൈസറും ചേർന്ന് തങ്ങളെ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശുപത്രിയിലെ മറ്റ് ജീവനക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇവരുടെ പീഡനം സഹിക്കവയ്യാതെ പല ജീവനക്കാർക്കും മുൻപ് ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ശമ്പള വിതരണത്തിലെ അപാകതകളും കൃത്യമല്ലാത്ത ജോലി സമയവും സംബന്ധിച്ച് പലതവണ മാനേജ്മെന്റിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

നഴ്സിന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിച്ച രാഷ്ട്രീയ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമപ്രകാരം 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില പൊലീസ് നിരീക്ഷിച്ചു വരികയാണ്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button