തൃശൂർ പൂരം കലക്കൽ… തിരുവമ്പാടി ദേവസ്വത്തിനെതിരെ…

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമർശങ്ങളുമായി അന്വേഷണ റിപ്പോർട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ ആരോപണങ്ങൾ സ്ഥാപിക്കാൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് റിപ്പോർട്ട് മടക്കി. പൂരം നടത്തിയവർ തന്നെ അത് കലക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം. ആചാരങ്ങൾ ലംഘിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് നിർദേശങ്ങൾ അവഗണിച്ചെന്നും വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തലുകളുണ്ട്. പൊലീസ്, ദേവസ്വം, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങൾ തമ്മിൽ ആവശ്യമായ ഏകോപനമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിശ്വാസം സംരക്ഷിക്കേണ്ട ചുമതലയുള്ളവർ തന്നെ ആചാരങ്ങൾക്ക് വിരുദ്ധമായി നീക്കം നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ വിശ്വാസികൾ ആചാരങ്ങൾക്കെതിരെ നീക്കം നടത്തിയെന്ന കാര്യം മതിയായ തെളിവുകളില്ലാതെ ഉറപ്പിക്കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. റിപ്പോർട്ടിൽ പരാമർശിച്ച 16 നിർണായക കാര്യങ്ങളിൽ പലതിനും ആവശ്യമായ തെളിവുകളില്ലെന്നും വകുപ്പ് വിലയിരുത്തി. കേസ് കോടതിയിലെത്തുമ്പോൾ നിയമപരമായി നിലനിൽക്കുമോയെന്ന പരിശോധനയും റിപ്പോർട്ട് മടക്കാൻ കാരണമായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ 26-നാണ് റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് സമർപ്പിച്ചത്. ആവശ്യമായ തെളിവുകൾ ഉൾപ്പെടുത്തി പൊലീസ് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത.

Related Articles

Back to top button