സുഹൈലിനെതിരായ കേസ് പുതിയ വഴിത്തിരിവിൽ… ആത്മഹത്യയ്ക്ക് ഉപയോഗിച്ച….

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ പോലീസിന് വീണ്ടും കുരുക്ക്. കേസിലെ നിർണായക തെളിവായ യുവതി ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്ന് കണ്ടെത്തൽ. ഷാൾ കോടതിയിലോ ഏനാത്ത് പോലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിലോ ഇല്ലെന്ന് നിലവിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സഹപ്രവർത്തകയുടെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ എട്ടുമാസം മുമ്പാണ് സുഹൈൽ അൻസാരി അറസ്റ്റിലായത്.

പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 35കാരിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്കൂളിൽ സുഹൈലും ജോലി ചെയ്തിരുന്നു. ഏനാത്ത് പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന സുഹൈലിന്റെ പരാതിയിലാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനൊടുവിൽ മരിച്ച യുവതിയുടെ ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. യുവതി മരിക്കുന്നതിന് മുമ്പ് ഭർത്താവിൽനിന്ന് ക്രൂരമായ മർദനമേറ്റിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതോടെ കേസിലെ പോലീസ് നടപടികളുമായി ബന്ധപ്പെട്ട വീഴ്ചകളും പുറത്തുവരികയാണ്. യുവതി ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ഷാൾ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ്. ഷാൾ പോലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിൽ പോലും ഇല്ലെന്ന നിലവിലെ എസ്.എച്ച്.ഒയുടെ മൊഴി കേസിൽ പുതിയ ചോദ്യങ്ങളുയർത്തുന്നു.

സുഹൈലിന്റെ അറസ്റ്റിലേക്ക് നയിച്ച ആത്മഹത്യാക്കുറിപ്പുകളിലും ദുരൂഹത തുടരുകയാണ്. ഇതിനിടെ ഏനാത്ത് പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവതിക്ക് ഭർത്താവിൽ നിന്ന് മർദനമേറ്റ വിവരം പോലീസ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. യുവതിക്ക് മർദനമേറ്റിട്ടുണ്ടെന്ന് സി.ഐ എസ്.ഐയോട് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് ഈ സംഭാഷണം നടന്നതെന്നാണ് വിവരം. ഷാൾ കാണാതായതും യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മറ്റ് വീഴ്ചകളും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button