അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും…. 13 പേർ കുറ്റക്കാർ… 18 പേരെ….

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട് കോടതി. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ തളിപ്പറമ്പിലെ അരിയിൽ 23 വയസുകാരനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടത്.

സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനം ആക്രമിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്. ജയരാജന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഷുക്കൂറിനെയും സുഹൃത്തുക്കളെയും ഒരു സംഘം പിന്തുടർന്നെന്നാണ് കേസ്. ആക്രമണത്തെ ഭയന്ന് ഇവർ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ സംഘം വീട് വളയുകയും ഷുക്കൂറിനെ തിരിച്ചറിയുന്നതിനായി ഫോട്ടോ എടുത്ത് അയച്ചുനൽകുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഷുക്കൂറാണെന്ന് ഉറപ്പാക്കിയശേഷം സുഹൃത്തുക്കളെ വിട്ടയച്ച് ഇയാളെ വീടിന് സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വൈകിട്ട് നാലരയോടെ ചുള്ളിയോട്ട് വയൽ വരമ്പിലാണ് ഷുക്കൂറിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണം.

കൊലപാതകം ആസൂത്രണം ചെയ്തതിലും കുറ്റകൃത്യം തടയാതിരുന്നതിലും നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണമാണ് കേസിൽ ഉയർന്നത്. ഐ.പി.സി 118-ാം വകുപ്പ് പ്രകാരമായിരുന്നു പി. ജയരാജൻ, ടി.വി. രാജേഷ് തുടങ്ങിയ നേതാക്കൾക്കെതിരെ കുറ്റം ചുമത്തിയത്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും അട്ടിമറി ശ്രമം നടക്കുന്നുവെന്നും ഷുക്കൂറിന്റെ കുടുംബം ആരോപിച്ചതോടെയാണ് ഉമ്മയുടെ ഹർജിയിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. സി.പി.എമ്മും പോലീസും തമ്മിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും കേസ് വഴിവെച്ചിരുന്നു. ദീർഘകാലം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.

Related Articles

Back to top button