മുഖ്യമന്ത്രിക്കെതിരെ കെ.സി. വിഭാഗം… മന്ത്രിസഭാ യോഗത്തിലെ വിമർശനങ്ങൾക്ക് പിന്നാലെ…

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എതിർപ്പുമായി കെ.സി. വിഭാഗം. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെ.സി. ഗ്രൂപ്പിന്റെ നീക്കം. വിവിധ വിഷയങ്ങളിൽ വിയോജിപ്പുകൾ പരസ്യമായി അറിയിക്കണമെന്നാണ് ഗ്രൂപ്പിന്റെ തീരുമാനം. പി.എസ്.സി, ഗുരുവായൂർ അടക്കമുള്ള വിഷയങ്ങളിൽ എതിർപ്പ് ഉന്നയിക്കാനാണ് തീരുമാനം.
വിയോജിപ്പുകൾ മന്ത്രിസഭയിലടക്കം കൃത്യമായി ഉന്നയിക്കുന്നില്ലെന്ന ആഭ്യന്തര വിമർശനം ഗ്രൂപ്പിനുള്ളിൽ നേരത്തെ ഉയർന്നിരുന്നു. ബോർഡ്, കോർപറേഷൻ നിയമന ചർച്ചകളിലടക്കം അഭിപ്രായവ്യത്യാസങ്ങൾ അറിയിക്കാനും കെ.സി. വിഭാഗം തീരുമാനിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയിലേക്ക് കെ.സി. വേണുഗോപാൽ നിർദേശിച്ച സുധാ മേനോന്റെ പേര് തള്ളിയതും നീക്കത്തിന് പിന്നിലെ കാരണമായെന്നാണ് വിവരം. സുധാ മേനോന്റെ പേര് രണ്ടാം തവണയും പരിഗണിക്കാതെ വന്നതോടെയാണ് കെ.സി. ഗ്രൂപ്പ് മുഖ്യമന്ത്രിക്കെതിരെ എതിർപ്പ് ഉയർത്താൻ തീരുമാനിച്ചത്.



