BLM നിക്ഷേപ തട്ടിപ്പ്….സ്ഥാപക ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് ഇഡി സമൻസ്….

കൊച്ചി: BLM നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. BLM സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാർ, ഭാര്യ പ്രഭ എന്നിവരടക്കമുള്ള കുടുംബാംഗങ്ങൾക്ക് ഇഡി സമൻസ് അയച്ചു. ഡിസംബർ ആദ്യവാരം ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാണ് നിർദേശം. കേസുമായി ബന്ധപ്പെട്ട് 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇഡി കടക്കുന്നത്.
നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം കമ്പനി ആവശ്യങ്ങൾക്കു പകരം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. കമ്പനിയുടെ പേരിലുള്ള പണം ചെയർമാൻ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.



