മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി… പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം

പൊന്നാനി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം തടവുശിക്ഷ. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് പ്രതിക്ക് മൂന്ന് ലക്ഷം രൂപ പിഴയുമുൾപ്പെടെ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചുവർഷം അധിക കഠിനതടവും അനുഭവിക്കണം. ചങ്ങരംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി.
2017 മാർച്ച് മുതൽ തുടർച്ചയായ മൂന്ന് മാസക്കാലയളവിൽ പലതവണ മകളെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തെന്നാണ് കേസ്. ചങ്ങരംകുളം എസ്.ഐയായിരുന്ന കെ.പി. മനേഷാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊന്നാനി സി.ഐ സണ്ണി ചാക്കോ, പിന്നീട് ചങ്ങരംകുളം എസ്.എച്ച്.ഒ ആയ ബഷീർ ചിറയ്ക്കൽ, എ.എസ്.ഐമാരായ മേരി മെറ്റിൽഡ, ആലമ്മ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.കെ. സുഗുണ, പി. സ്വപ്ന, പരമേശ്വരത് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ വിഭാഗത്തിലെ എ.എസ്.ഐ എം.സി. പ്രീത പ്രോസിക്യൂഷനെ സഹായിച്ചു. സ്പെഷൽ കോടതി ജഡ്ജിയായിരുന്ന സുബിത ചിറയ്ക്കലിന്റെ കാലത്താണ് കേസിന്റെ വിചാരണ പൂർത്തിയായത്. തുടർന്ന് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.



