ഒന്നാം റാങ്ക് നേടിയിട്ടും നിയമനം കാത്തിരുന്നവർക്ക് ഒടുവിൽ ജോലി… മൂന്ന് അസിസ്റ്റന്റ് പ്രഫസർമാർക്ക് നിയമനം

തിരുവനന്തപുരം: ഒന്നാം റാങ്ക് നേടിയിട്ടും വർഷങ്ങളായി നിയമനം ലഭിക്കാതെ കാത്തിരുന്ന മൂന്ന് ഉദ്യോഗാർഥികൾക്ക് ഒടുവിൽ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. സോഷ്യോളജി, ഫിലോസഫി, ഉറുദു വിഷയങ്ങളിലെ അസിസ്റ്റന്റ് പ്രഫസർ റാങ്ക് പട്ടികകളിൽ ഒന്നാം റാങ്ക് നേടിയവർക്കാണ് നിയമനം നൽകുന്നത്. മമത ജേക്കബ്, ജി.എസ്. സരസ്വതി നായർ, എം. റഷീദ എന്നിവർക്കാണ് നിയമനം ലഭിക്കുക. ഈ മാസം 30ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവരാണ് ഇവർ.

മൂന്ന് വർഷത്തോളമായി വിവിധ വകുപ്പുകളിൽ കറങ്ങിക്കൊണ്ടിരുന്ന നിയമന ഫയലിലാണ് ഒടുവിൽ തീരുമാനമായത്. അതേസമയം, ഇസ്‌ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ കെ. ഹിലാലുദ്ദീന്റെ നിയമനം സർക്കാരിന് പരിഗണിക്കാനായില്ല. ബന്ധപ്പെട്ട റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതാണ് തിരിച്ചടിയായത്. നിയമനം ലഭിക്കുന്ന മൂന്ന് പേരും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് ജോലിയിൽ പ്രവേശിക്കണമെങ്കിൽ സർക്കാരിന്റെയും പി.എസ്.സിയുടെയും ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ആവശ്യമാണ്. ഇനി 12 ദിവസം മാത്രമാണ് ഇതിനായി ശേഷിക്കുന്നത്. മൂന്ന് വിഷയങ്ങളിലെയും റാങ്ക് പട്ടികകളിൽ ഇരുപതോളം ഉദ്യോഗാർഥികൾ വീതമുണ്ടായിരുന്നെങ്കിലും യു.ജി.സി അധ്യാപന സമയത്തിൽ കൊണ്ടുവന്ന പരിഷ്കാരത്തെ തുടർന്ന് ഒഴിവുകൾ ഇല്ലാതായതാണ് നിയമനം വൈകാൻ കാരണമായത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഉദ്യോഗാർഥികൾ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. യു.ഡി.എഫിന്റെ പുതുയുഗ യാത്രയ്ക്കിടെ നൽകിയ നിവേദനത്തെ തുടർന്ന് നിയമനം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. മന്ത്രി റോജി എം. ജോണിന്റെയും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ബി. അശോകിന്റെയും ഇടപെടലുകളാണ് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലെത്തിച്ചത്. തുടർന്ന് മൂന്ന് പേർക്കും നിയമനം നൽകാൻ മുഖ്യമന്ത്രി തീരുമാനമെടുക്കുകയായിരുന്നു.

Related Articles

Back to top button