പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകൾ ലക്ഷ്യം, മൊബൈൽ ഫോൺ..

വീടുകളിൽ കയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീൻ (44) ആണ് പാണ്ടിക്കാട് പൊലീസിൻറെ പിടിയിലായത്. കുറ്റിപ്പുളി മേഖലയിലെ വീടുകളിൽ പകൽസമയത്ത് എത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകൾ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ മോഷണമെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുമായി പരിചയം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അകത്തുകയറി മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു പതിവ്. മോഷണം നടന്നതിനെ തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പാണ്ടിക്കാട് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. പ്രതിയുടെ മറ്റ് മോഷണ കേസുകളിലെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കെതിരെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button